About School

ആമുഖം 
     കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വര്‍ഷം തോറും ഈ ഗ്രാമത്തില്‍ വന്ന് അയ്യപ്പസ്വാമിയേയും വാവര്‍ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താല്‍ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തില്‍ പ്രഥമസ്ഥാനത്തു നില്‍ക്കു്ന്നു ഈ സ്ക്കൂള്‍. ഒരമ്മയുടെ സ്നേഹം നുകര്‍ന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാന്‍ ഈ വിദ്യാലയത്തിന്റെ മക്കള്‍ക്കു കഴിയുന്നു. ആദ്ധ്യാല്‍മികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.

സ്കൂൾ ചരിത്രം

     1926 ല്‍ എല്‍.പി. സ്ക്കൂള്‍ സ്ഥാപിതമായി. എരുമേലിക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചന്‍ കരിപ്പാപറമ്പിലാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1937 ല്‍ പ്രൈമറിസ്ക്കൂള്‍ മിഡില്‍ സ്ക്കൂളായി ഉയര്‍ത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ചാക്കോച്ചന്‍ വസ്തു വകകള്‍ വിറ്റ് മലബാറിലെ മണ്ണാറക്കാട്ടിലേയ്ക്ക് മാറിയതിനാല്‍ എരുമേലിയില്‍ അദ്ദേഹത്തിനു സ്വന്തമായി ഉണ്ടായിരുന്നത് സ്ക്കൂളും അതിരിക്കുന്ന സ്ഥലവും മാത്രമായിരുന്നു. 1945 ല്‍ അത് ഏതെങ്കിലും സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ച വിവരം ചാക്കോച്ചനും പുത്രന്‍ കെ. ജെ തോമസ്സും ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതിനിധി എന്ന നിലയ്ല്‍ രൂപതാ വക കുടുക്കവള്ളി തോട്ടത്തിന്റെ മാനേജരായിരുന്ന ബഹു.കല്ലറയ്ക്കല്‍ കുരുവിള അച്ചനോട് പല പ്രാവശ്യം നിര്‍ബന്ധിച്ചു പറയുകയുണ്ടായി. ചങ്ങനാശ്ശേരി രൂപതയില്‍ നിന്നും ചാക്കോച്ചന് ന്യായമായ പ്രതിഫലം കൊടുത്ത് ഈ സ്ക്കൂളേറ്റെടുക്കണമെന്ന് ബഹു.കുരുവിള അച്ചന്‍ അന്നത്തെ മെത്രാനായിരുന്ന അഭി.ജയിംസ് കാളാശ്ശേരി പിതാവിനോട് അപേക്ഷിച്ചു. പിതാവ് തടസ്സമൊന്നും കൂടാതെ സ്ക്കൂള്‍ രൂപതയിലേയ്ക്ക് ഏറ്റെടുക്കുന്നതിനു സമ്ാമതിച്ചു. പ്രതിഫലമായി ആറായിരം രൂപ കൊടുത്ത് ആധാരെ നടത്തുകയും ചെയ്തു. സ്ക്കള്‍ മാനേജരായി ബഹു.കുരുവിള അച്ചനെയാണ് അഭി.പിതാവ് നിയമിച്ചത്. 1949 മെയ് 31 ന് എരുമേലിയില്‍ ക്ലാരമഠം സ്ഥാപിതമായി.മഠം സ്ഥാപകയായ ബഹു.സറഫീനാമ്മയുടെ ബന്ധുവായ എം.എം .ജോസഫ് മഠത്തിശ്ശേരി അവര്‍കള്‍ രണ്ടരയേക്കര്‍ സ്ഥലം മഠത്തിനു സൌജന്യമായി നല്‍കി.പിന്നീട് ഹൈസ്ക്കൂളിന് നിയമാനുസൃതം വേണ്ടിയ്രുന്ന സ്ഥല വിസ്ത്രതിയില്‍ അല്‍പം കുറവുണ്ടായിരുന്നത് പരിഹരിക്കുവാന്‍ മഠാധികൃതര്‍ തയ്യാറാവുകയും ചെയ്തു. 1949ല്‍ ഹൈസ്ക്കൂളാക്കുന്നതിനുള്ള ഗവ. അംഗീകാരം ലഭിക്കുകയും ഹെഡ്മാസ്റ്ററായി റവ. ഫാ. ആന്റണി കായിത്തറയെ അഭി.പിതാവ് നിയമിക്കുകയും ചെയ്തു പിന്നീട് 1961 ല്‍ പ്രൈമറിസ്ക്കൂളിന്റെ നടത്തിപ്പ് ക്ലാരമഠത്തിന്റെ ചുമതലയില്‍ വിട്ടു കൊടുക്കുകയും ചെയ്തു 1965 മുതല്‍ എരുമേലി പള്ളിയുടെ വികാരി മാരായി നിയമിതരാകുന്ന ബഹു.വൈദികര്‍ സ്ക്കൂളിന്റെ മേല്‍നോട്ടം വഹിച്ചുപോരുന്നു. 1977 ല്‍ കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി രൂപത കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മാനേജ്മെന്റ് കൈമാറി

2000ൽ സ്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ് ബയോളജി, സയൻസ് കമ്പ്യൂട്ടർ, കൊമേഴ്സ്‌ കോഴ്സുകൾ ആണ് അനുവദിക്കപ്പെട്ടത്.

ഇപ്പോള്‍ യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1400 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 62 അദ്ധ്യാപക-അനദ്ധ്യാപകര്‍ സേവനമനുഷ്ഠിക്കുന്നു. 


No comments:

Post a Comment